കൊച്ചി : സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. മറ്റ് സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം മുന്നിലാണ് ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തിൽ രാധാകൃഷ്ണൻ. 2 ലക്ഷത്തോളം പേരാണ് ഫേസ്ബുക്കിൽ സ്ഥാനാർത്ഥിയെ ഫോളോ ചെയ്യുന്നത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലും എൻഡിഎ സ്ഥാനാർത്ഥി തന്നെയാണ് മുന്നിൽ. ചൊവ്വാഴ്ച ഉച്ചയോടെ ബിജെപി സാമൂഹ്യ മാധ്യമ വിഭാഗം പുറത്തിറക്കിയ നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചാമ്പിക്കോ വീഡിയോ മണിക്കൂറുകൾക്കുകളിൽ വൈറലായി.
വിപുലമായ സംവിധാനങ്ങളാണ് ബിജെപി ജില്ല സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ തൃക്കാക്കര മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും മുതിർന്ന നേതാക്കളുടെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് പ്രധാന പ്രവർത്തനം. ഇതിന് പുറമെ പ്രാദേശികമായി നൂറ് കണക്കിന് പേജുകളും അക്കൗണ്ടുകളും എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിച്ച് വരുകയാണ്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ബിജെപി തന്നെയാണ് ഒന്നാമത്. ആ പകിട്ട് തൃക്കാക്കരയിലും തുടരാൻ ആകുമെന്നാണ് സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ പ്രതീക്ഷ. നഗര കേന്ദ്രീകൃത മണ്ഡലം ആയതിനാൽ 75 ശതമാനത്തോളം പേരെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. അതിനാൽ ഒരു പോസ്റ്റർ ചുവരിൽ ഒട്ടിക്കുന്നതിനേക്കാൾ സ്വാധീനം ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് ഉണ്ടാക്കാൻ കഴിയുമെന്നാണ് സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന്റെ നിലപാട്.
ബിജെപി സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ എസ് ജയശങ്കർ ,ജില്ല കൺവീനർ സേതുരാജ് ദേശം, ശ്രീജു പത്മൻ , രൂപേഷ് ആർ മേനോൻ, റിജോയ് പി തുടങ്ങിയവരാണ് സാമൂഹ്യ നവ മാധ്യമ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

