Thursday, December 25, 2025

വിദ്വേഷപ്രസംഗ കേസ്; മുൻ എം എൽ എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുൻ എം എൽ എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൊച്ചി പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പി.സി ജോര്‍ജിനെ വിഴിഞ്ഞം പോലീസിന് കൈമാറും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി എആര്‍ ക്യാമ്പിലായിരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും നിയമ നടപടികളും. ഈ കേസില്‍ അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന.

അതേസമയം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് പി.സി ജോര്‍ജിനെ തിരുവനന്തപുരം പോലീസിന് കൈമാറുന്നത്. പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിഴിഞ്ഞത്തു നിന്നുള്ള പോലീസ് സംഘം എത്തിയിട്ടുണ്ട്. ഈ കേസില്‍, തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു വെണ്ണല പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം പോലീസില്‍ ഹാജരായത് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles