ദില്ലി: ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറി ഭാരതം. അയൽരാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ ശക്തിയോടെ മുന്നോട്ട് കുതിയ്‌ക്കുകയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായിരുന്നു.നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്‌ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്.
ബ്രിട്ടനാണ് സാമ്പത്തിക വളർച്ചയിൽ മൂന്നാമത്, 7.4 ശതമാനമാണ് ബ്രിട്ടനുള്ളത്. ഫ്രാൻസ് ഏഴ് ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി നാലാമതെത്തി. അമേരിക്ക 5.7 ശതമാനം ജിഡിപി വളർച്ചയുമായി അഞ്ചാമതുമുണ്ട്. ജർമ്മനി 2.8 ശതമാനം, ജപ്പാൻ 1.6 ശതമാനം.
ഇന്ത്യ കോവിഡ് മഹാമാരിയെ നേരിട്ട രീതി എത്രത്തോളം മികച്ചതാണെന്നതിന്റെ ശക്തമായ തെളിവാണ് ജിഡിപിയിലെ ഈ വളർച്ചാ നിരക്ക്. ഒമിക്രോണും യുക്രെയ്ൻ-റഷ്യ യുദ്ധവും ആഗോള തലത്തിൽ സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയേയും ചെറിയ തോതിൽ ബാധിച്ചെങ്കിലും ജിഡിപി നിരക്ക് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിനേക്കാൾ കൂടുതലായിരുന്നു.

