ലോകത്തിന്റെ ആയുധ വിപണിയുടെ ഹബ്ബാകാൻ വേണ്ടി തയ്യാറെടുത്ത് ഉത്തർപ്രദേശ്. ഇസ്രയേലുമായി സഹകരിച്ച് ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങളുടെ ഫാക്ടറികള്‍ യുപിയില്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം ഉണ്ടാകാൻ സാധ്യത. ഇന്നലെ ലഖ്നൗവില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
പ്രധാനപ്പെട്ട ചില മേഖലകളില്‍ ഉത്തര്‍പ്രദേശും ഇസ്രയേലും തമ്മില്‍ അന്താരാഷ്ട്ര പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി നാവൊര്‍ ഗിലൊന്‍ എം,മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധ വ്യവസായ ഇടനാഴിയിലെ നിക്ഷേപത്തിനും സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതിനുള്ള സഹകരണത്തിനും വേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിനും ജലസംരക്ഷണത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗിലോണ്‍ വ്യക്തമാക്കി. ആയുധ ഹബ്ബായി മാറുന്നതോടെ 50 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർക്കുകയും ചെയ്തു.
യുപിയിലെ പ്രതിരോധ വ്യാവസായിക ഇടനാഴി നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇസ്രയേലിനെ ഇങ്ങോട്ട് ക്ഷണിക്കുന്നു. ആയുധഹബ്ബ് ആക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കും. യുപിയ്ക്ക് വിശാലമായ ഭൂമിയും മതിയായ മനുഷ്യവിഭവശേഷിയുമുണ്ട്. പ്രതിരോധ ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഞങ്ങള്‍ നല്‍കാം. ഇത് ഇസ്രായേലിന് നല്ലൊരു അവസരമായിരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇസ്രായേലുമായി സഹകരിച്ച് സെന്റർ ഓഫ് എക്സലൻസുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്.കൂടാതെ ഇന്ത്യ- ഇസ്രായേൽ ബന്ധം പുതിയ ഉയരങ്ങളിലേത്തിയെന്നും ,നിലവിൽ ഇന്ത്യയും ഇസ്രായേലും സ്ട്രാറ്റജിക് പാർട്ണർമാരാണ്. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച സഹകരണ ബന്ധമാണുള്ളതെന്നും കൂടിക്കാഴ്ചക്ക് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രിയും വ്യക്തമാക്കി.ഒപ്പം ചർച്ചയിൽ യമുന ഇൻഡസ്ട്രിയൽ എക്സ്പ്രസ് വേയിൽ വരാനിരിക്കുന്ന മെഡിക്കൽ ഉപകരണ പാർക്കിൽ നിക്ഷേപം നടത്താൻ ഇസ്രായേലി കമ്പനികളെ ആദിത്യനാഥ് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതില്‍ യുപി ഇസ്രയേലിന്റെ സഹായം തേടും.

