വള്ളികുന്നം: വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ കാക്കനാട് വാഴക്കാല നെയ്തേലില്‍ എന്‍ എ അജാസിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും എസ്പി ഉത്തരവിട്ടു.
സൗമ്യയെ തീക്കൊളുത്തുന്നതിനിടെ സാരമായി പൊള്ളലേറ്റ അജാസിന്റെ നില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന് മരുന്നുനല്‍കി രക്തസമ്മര്‍ദം ഉയര്‍ത്താന്‍ സാധിക്കാതിരുന്നതിനാല്‍ ഡയാലിസിസ് ചെയ്യാന്‍ സാധിച്ചില്ല. ശരീരത്തില്‍ നീര്‍ക്കെട്ടും ഏറിയിട്ടുണ്ട്.
നാഡിമിടിപ്പ് കുറഞ്ഞുവരുന്നുണ്ട്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. തനിക്ക് മരിച്ചാല്‍ മതിയെന്നാണ് പ്രതി ഐ സി യു വില്‍വെച്ച് സഹപ്രവര്‍ത്തകരോടു പറഞ്ഞത്.
സൗമ്യയുടെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സജീവ് ലിബിയയിലെ ജോലിസ്ഥലത്തുനിന്നു ബുധനാഴ്ച വൈകീട്ടോടെ മാത്രമേ എത്തൂ. ലിബിയയില്‍നിന്നു പുറപ്പെട്ട സജീവ് ചൊവ്വാഴ്ച തുര്‍ക്കിയിലെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. സജീവ് നാട്ടിലെത്തിയശേഷം വ്യാഴാഴ്ച രാവിലെ സൗമ്യയുടെ ശവസംസ്കാരം നടക്കും.
അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനില്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍പരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി.
സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ചെങ്ങന്നൂര്‍ ഡിവൈ എസ്പി യുടെ പരിധിയിലെ എസ്ഐ മാര്‍ക്കു വീതിച്ചുനല്‍കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍, ഫോണ്‍വിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്. ആലുവ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജാസിനെ സസ്പെന്‍ഡ് ചെയ്തത്.

