ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി സായുധസേനയിൽ തുടരാൻ അവസരം നൽകാനാണ് തീരുമാനം. ഇതോടെ ആകെ സേവനകാലാവധി ആറുവർഷമായി ഉയരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയാണ് പുതിയ നിർദേശത്തിന് അംഗീകാരം നൽകിയത്. ആദ്യ നാലുവർഷത്തെ സേവനത്തിനുശേഷം സ്ഥിരനിയമനത്തിന് തിരഞ്ഞെടുക്കപ്പെടാത്ത 75 ശതമാനം അഗ്നിവീറുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിരോധ സേനാ മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണ്യമാണ് തീരുമാനം പ്രഖ്യാപിച്ചത്.
രണ്ടുവർഷത്തെ അധികസേവനം ലഭിക്കുന്നതോടെ അഗ്നിവീറുകൾക്ക് സൈനികരംഗത്ത് കൂടുതൽ അനുഭവസമ്പത്ത് നേടാനും സ്ഥിരനിയമനത്തിനുള്ള സാധ്യത മെച്ചപ്പെടുത്താനും അവസരമൊരുങ്ങും. എന്നാൽ അധികസേവനം ലഭിച്ചതുകൊണ്ടുമാത്രം സ്ഥിരനിയമനം ഉറപ്പാകില്ല. ആറുവർഷത്തെ സേവനകാലയളവിലെ പ്രകടനം, കഴിവുകൾ, നേട്ടങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും സ്ഥിരസേനയിലേക്ക് വീണ്ടും പരിഗണിക്കുക. നിലവിലെ വ്യവസ്ഥപ്രകാരം ആദ്യ നാലുവർഷം പൂർത്തിയാക്കുന്നവരിൽ പരമാവധി 25 ശതമാനം പേർക്കാണ് സ്ഥിരനിയമനത്തിന് അവസരമുണ്ടായിരുന്നത്. ബാക്കിയുള്ള 75 ശതമാനം പേർക്ക് സേവനം അവസാനിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഉയർന്നുവന്ന ആശങ്കകൾക്കുള്ള പരിഹാരമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
2022 ജൂണിലാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് യുവാക്കളെ ഹ്രസ്വകാലത്തേക്ക് നിയമിച്ച് സൈനികസേനയുടെ ശരാശരി പ്രായം കുറയ്ക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ നാലുവർഷത്തെ സേവനത്തിനുശേഷമുള്ള തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിനിടെയാണ് ആദ്യ ബാച്ചിലെ ഏകദേശം 18,000 അഗ്നിവീറുകൾ സേവനം പൂർത്തിയാക്കി പുറത്തുപോകാനിരിക്കെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നാവികസേനയിലെ ആദ്യ ബാച്ച് നവംബർ 21നും വ്യോമസേനയിലേത് ഡിസംബർ 21നും കരസേനയിലേത് ഡിസംബർ 31നും സേവനം പൂർത്തിയാക്കും. സ്ഥിരനിയമനത്തിനുള്ള നിലവിലെ 25 ശതമാനം പരിധിയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികമായി രണ്ടുവർഷം സൈനികസേവനം തുടരാനുള്ള അവസരം അഗ്നിവീറുകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

