Saturday, January 3, 2026

എഐഎഡിഎംകെയില്‍ തമ്മിൽ തല്ല്! യോഗത്തില്‍ കല്ലേറ്, പളനിസ്വാമിയുടെ വാഹനം പൂർണമായും അടിച്ചുതകര്‍ത്ത് ഒപിഎസ് വിഭാഗം, ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ കത്തിച്ച് ഒപിഎസ്

ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ തമ്മിൽ തല്ല്. പളനിസ്വാമി വിളിച്ച യോഗം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് മുന്നോടിയായി ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് ഇരുഭാഗത്തിന്റെയും പാർട്ടി അണികൾ തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി.

ഏറ്റുമുട്ടലില്‍ കല്ലേറുണ്ടാവുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം പൂർണമായും അടിച്ചു തകർത്തു. ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു. അതേസമയം, ജനറല്‍ ബോഡി യോ​ഗം നിര്‍ത്തി വയ്ക്കണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി ഹൈക്കോടതിൽ തള്ളിയിരിക്കുകയാണ്. തുടര്‍ന്ന് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹൈക്കോടതി വിധി അനുകൂലമായതോടെ ജനറല്‍ കൗണ്‍സില്‍ വേദി ഇപിഎസ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലായിട്ടുണ്ട്.

യോഗത്തില്‍ ഇ പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഒ പനീര്‍ശെല്‍വത്തിന്റെ ട്രഷറര്‍ സ്ഥാനവും ഈ യോഗത്തില്‍ നഷ്ടപ്പെട്ടേക്കും. നിയമപ്രകാരം കോര്‍ഡിനേറ്റര്‍ക്കും ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ക്കും മാത്രമേ യോഗം വിളിക്കാന്‍ കഴിയൂ എന്ന് ഒപിഎസ് വാദിച്ചിരുന്നു.

Related Articles

Latest Articles