ദില്ലി: കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് വേണ്ടി പോരാടിയ സൈനികർക്ക് ആദരവറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയ് ദിവസ് എന്ന് രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു.
”ഭാരതമാതാവിനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച എല്ലാ ധീര ജവാൻമാരെയും ഞാൻ നമിക്കുന്നു. എല്ലാ ജനങ്ങളും സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും എന്നും കടപ്പെട്ടിരിക്കും. ജയ് ഹിന്ദ്!” രാഷ്‌ട്രപതി പറഞ്ഞു.
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തിന് വേണ്ടിപോരാടിയ ധീര സൈനികർക്ക് ആദരമർപ്പിച്ചിരുന്നു. ഭാരതാംബയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് കാർഗിൽ ദിവസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ സൈനികർ കഠിനമായ സാഹചര്യങ്ങളിൽ ധീരമായി പോരാടിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അവരുടെ ധീരതയും അജയ്യമായ ചൈതന്യവും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമായി എന്നെന്നേക്കും നിലനിൽക്കും എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

