Tuesday, May 21, 2024
spot_img

ദേശീയ പാതയിൽ പുതിയ സാങ്കേതികവിദ്യ; വാഹനം സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച്‌ ടോള്‍ പിരിവ് നടത്താൻ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി : ദേശീയ പാതയിലെ ടോള്‍ പിരിവിന് പുതിയ സാങ്കേതികവിദ്യ എത്രയും വേഗം അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ജിപിഎസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ടോള്‍ പിരിവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. വാഹനം ഓടിയ ദൂരത്തിന്റെ അടിസ്ഥാനത്തിലാവും ടോള്‍ പിരിവ് നടത്തുക.

ഇതുവരെ ഫാസ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോള്‍ പിരിക്കുന്നത്. ഇതില്‍ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സംവിധാനം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നിലവില്‍ പുതിയ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ദേശീയപാതയില്‍ വാഹനം എത്ര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു എന്നത് കണക്കാക്കി ടോള്‍ നിരക്ക് നിശ്ചയിക്കുന്നതാണ് പുതിയ രീതി. ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ദൂരം നിര്‍ണയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായിരിക്കുമെന്നാണ് സര്‍ക്കാര്‍ നിഗമനം.

ദേശീയപാതയില്‍ കുറഞ്ഞദൂരം സഞ്ചരിച്ചാലും കൂടുതല്‍ ദൂരം സഞ്ചരിച്ചാലും ടോള്‍ നിരക്ക് ഇപ്പോൾ ഒരേ പോലെയാണ്. ഒരു ടോള്‍ പ്ലാസയില്‍ നിന്ന് അടുത്ത ടോള്‍ പ്ലാസ വരെയുള്ള ദൂരം കണക്കാക്കിയാണ് ടോള്‍ പിരിക്കുന്നത്. മാര്‍ച്ചില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ടോള്‍ പ്ലാസ സംവിധാനം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളെ അനുകരിച്ച്‌ ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടോള്‍ പിരിവ് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles