കൊൽക്കത്ത : താൻ ആർഎസ്എസുകാരനാണെന്ന് യാത്രയയപ്പ് പ്രസംഗത്തിൽ വെളിപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ചിത്തരഞ്ജൻ ദാസ്.ഇന്നലെ ഹൈക്കോടതിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റീസ് ദാസിൻറെ വെളിപ്പെടുത്തൽ. ആവശ്യപ്പെട്ടാൽ ആർഎസ്എസുകാരനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലം മുതല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിനോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതും, ധൈര്യവും രാജ്യസ്നേഹവും നല്കിയതും ആര്‍എസ്എസ് ആണ്. മറ്റുള്ളവരോട് തുല്യ വീക്ഷണവും പുലര്‍ത്താനും എല്ലാറ്റിനുമുപരിയായി ജോലിയോടുള്ള പ്രതിബദ്ധതയും ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പഠിച്ചത് എന്നും ജസ്റ്റിസ് ചിത്തരഞ്ജന് ദാസ് പറഞ്ഞു
അതേസമയം ജഡ്ജിയായി ജോലിയില്‍ പ്രവേശിച്ചതോടെ താന്‍ ആര്‍എസ്എസില്‍ നിന്നും അകലം പാലിച്ചു. തന്റെ മുന്നില്‍ വന്ന കേസുകളില്‍ നിയമപരമായും നിഷ്പക്ഷമായുമാണ് ഇടപെട്ടത്. ഒരു രാഷ്ട്രീയ വ്യക്തിത്വത്തോടും പക്ഷപാതം കാണിച്ചിട്ടില്ല. തന്റെ മുന്നിലെത്തിയ കേസുകളെ സഹാനുഭൂതിയോടെയും നിയമപരമായും തീര്‍പ്പാക്കാനാണ് ശ്രമിച്ചത്. തന്റെ ആര്‍എസ്എസ് ബന്ധം ജോലി സംബന്ധമായ ഒരു നേട്ടത്തിനും വിനിയോഗിച്ചിട്ടില്ല.
വിരമിച്ച വേളയില്‍ ഇനി സംഘടനയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുകയാണ്. അവര്‍ ഏല്‍പ്പിക്കുന്ന ഏതു പ്രവര്‍ത്തനവും ചെയ്യാന്‍ ഒരുക്കമാണെന്നും ജസ്റ്റിസ് ചിത്തരഞ്ജന് പറഞ്ഞു. 1962 ല്‍ ഒഡീഷയിലെ സോനെപൂരില്‍ ജനിച്ച ജസ്റ്റിസ് ചിത്തരഞ്ജന് ദാസ്, 1999 ലാണ് ഒഡീഷ സുപ്പീരിയര്‍ ജൂഡീഷ്യല്‍ സര്‍വീസില്‍ ചേരുന്നത്. 2009 ഒക്ടോബറില്‍ ഹൈക്കോടതി ജഡ്ജിയായി. 2022 ലാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുന്നത്.

