സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതുപോലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ശ്രീലങ്കയിൽ പ്രതിസന്ധി തുടരവേ ബംഗ്ലാദേശിലും ഭൂട്ടാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബംഗ്ലാദേശിൽ ഇന്ധനത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകൾക്കുള്ള അവധി ആഴ്ചയിൽ രണ്ടുദിവസമാക്കി. സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഒരു മണിക്കൂർ കുറക്കുകയും ചെയ്തു. നേരത്തെ ഞായറാഴ്ച മാത്രമായിരുന്നു ബംഗ്ലാദേശിൽ സ്കൂളുകൾക്ക് അവധി ഉണ്ടായിരുന്നത്. റഷ്യ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ കടുത്ത ഇന്ധന പ്രതിസന്ധിയുണ്ടായി. പെട്രോൾ വില 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇത് അനിയന്ത്രിതമായ വിലക്കയറ്റത്തിനും ബഹുജന പ്രക്ഷോഭത്തിനും കാരണമായി. പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട ക്യു പല നഗരങ്ങളിലും ദൃശ്യമാണ്. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലും വലിയ ഇടിവുണ്ടായി. വസ്ത്രവ്യാപാരമാണ് ബംഗ്ലാദേശി സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്. ആഗോളതലത്തിൽ ബംഗ്ലാദേശി വസ്ത്രങ്ങളുടെ വിലയിടിഞ്ഞതാണ് രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ വലിയ കുറവ് വന്നത്.
ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ഭൂട്ടാനും സമാനമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഭൂട്ടാന്റെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായ തകർച്ച രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇന്ധന വിലയും വിലക്കയറ്റവും വിദേശ നാണ്യ ശേഖരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഭൂട്ടാനിലെ ജന ജീവിതത്തെ വല്ലാതെ ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന ഭൂട്ടാനെ വിഴുങ്ങാൻ ചൈന തയ്യാറെടുക്കുന്നു എന്നതിനാൽ ഇത് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. പാകിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. കടുത്ത വൈദ്യുതി നിയന്ത്രണം ഇപ്പോൾ ത്തന്നെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വവും പാകിസ്ഥാനിൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അന്താരാഷ്‌ട്ര ധനസാഹായത്തിനായി ശ്രമം തുടരുകയാണ് ഈ രാജ്യങ്ങളെല്ലാം. പക്ഷെ എഫ് എ ടി എഫിൻറെ ഗ്രേ ലിസ്റ്റിൽ തുടരുന്ന പാകിസ്ഥാന് അന്താരാഷ്‌ട്ര സഹായം ലഭിക്കുന്നതിനും നിലവിൽ തടസങ്ങളുണ്ട്.

