പാലക്കാട്: വടക്കാഞ്ചേരി ദേശീയപാതയിൽ വൻ വാഹനാപകടം. സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ 9 പേർ മരിച്ചു. ഇതിൽ 5പേർ വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ്. പുലർച്ചെ ആയിരുന്നു അപകടം നടന്നത്.
അപകടത്തിൽ നാൽപ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തൽപ്പെട്ടത്. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം സ്കൂളിൽ നിന്നും യാത്ര തിരിച്ചത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്.

