Wednesday, January 14, 2026

മോമിന്‍പൂർ വര്‍ഗീയ സംഘര്‍ഷം; നാല് പേർ അറസ്റ്റിൽ ; ഇരുപതോളം പേർ കസ്റ്റഡിയിൽ ; സംഘർഷ മേഖലയിൽ കേന്ദ്രസേനയെ അടിയന്തരമായി വിന്യസിക്കണമെന്ന് ബി ജെ പി

പശ്ചിമ ബംഗാൾ : മോമിന്‍പൂറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ 4 പേര്‍ അറസ്റ്റില്‍. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയതിന് 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടായത് . സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറുണ്ടാകുകയും ചെയ്തു. ഇതോടെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമായി.

ശനിയാഴ്ച്ച രാത്രി നബി ദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച പതാകകള്‍ നശിപ്പിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇന്നലെ രാത്രി 4 പേരെ അറസ്റ്റ് ചെയ്‌തെന്നും 20 ഓളം പേരെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു.

മോമിന്‍പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ സോഷ്യല്‍ മീഡിയ മേധാവി അമിത് മാള്‍വ്യ മമത ബാനര്‍ജിയുടെ കീഴിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു . മമതയുടെ ഭരണത്തിന് കീഴില്‍ വര്‍ഗീയ കലാപങ്ങള്‍ സാധാരണമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്’, 1946 ലെ നൊഖാലി കലാപത്തെ പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച്ച അക്രമം രൂക്ഷമായതോടെ രാത്രി നിരവധി ആളുകള്‍ ഏക്ബല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.മോമിന്‍പൂര്‍ മേഖലയില്‍ കേന്ദ്രസേനയെ അടിയന്തരമായി വിന്യസിക്കണമെന്ന് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles