Monday, January 12, 2026

കേരളത്തിൽ നരബലി ? സ്ത്രീകളെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി; കൊച്ചിയിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി : സ്ത്രീകളെ കഴുത്ത് അറുത്ത് കൊന്നു. മൂന്ന് പേർ അറസ്റ്റിൽ. സംഭവം നരബലിയെന്ന് സംശയം. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റിന്റെ നേതൃത്വത്തിൽ കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായത് . തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാനില്ല എന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു . പരാതിയിലെ തുടർ അന്വേഷണത്തിലാണ് നരബലിയുടെ വിവിരങ്ങള്‍ പുറത്ത് വന്നത്. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡിഒ അടക്കമുള്ള സംഘം തിരുവല്ലയിലേക്ക് എത്തും.

രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തിൽ നരബലി നടന്ന സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ദില്ലിയിലടക്കം ഇത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തിൽ നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ലയിലെ വൈദ്യർക്കും ഭാര്യയ്ക്കും വേണ്ടിയാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന് അവർ കുറ്റസമ്മതവും നടത്തി. കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം തട്ടികൊണ്ടുപോയത്. പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നൽകിയാൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചതെന്നാണ് വിവരം. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്.

കാലടി സ്വദേശിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സെപ്തംബർ 27 ന് കടവന്ത്രയിൽ നിന്ന് പൊന്നുരുന്നി സ്വദേശിയായ സ്ത്രീയെ ഇതേ പോലെ തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഈ സ്ത്രീയുടെ മൊബൈൽ ടവർ ലൊക്കേഷന് പിന്നാലെ പോയ പൊലീസ് തിരുവല്ലയിൽ ചെന്ന് എത്തുകയായിരുന്നു.

Related Articles

Latest Articles