Monday, May 20, 2024
spot_img

ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം; ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനം

ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15നാണ് എല്ലാ വര്‍ഷവും ലോക വിദ്യാര്‍ത്ഥി ദിനം ആചരിക്കുന്നത്. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ജനങ്ങളുടെ രാഷ്ട്രപതിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ആദരവാണ് ഇന്നേ ദിവസം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്‌നങ്ങളെ അംഗീകരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഇന്ത്യയില്‍ ദേശീയതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം (1931 ഒക്ടോബര്‍ 15 2015 ജൂലൈ 27). പ്രശസ്തനായ മിസൈല്‍ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുള്‍കലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാന്‍ അണവ ആയുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2002-ല്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാല്‍, ‘ജനങ്ങളുടെ രാഷ്ട്രപതി’ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു.

2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ച്ചപ്പാടുള്ള രാഷ്ട്ര തന്ത്രജ്ഞന്‍ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നവയാണ്.

2015 ജൂലൈ 27 ന് 84-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Latest Articles