ദില്ലി: ഭീകരതയ്ക്കെതിരെ തിരിച്ചടിക്കാൻ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം ഇന്ത്യക്കുണ്ടെന്ന് പാക്കിസ്ഥാനു ബോധ്യമാക്കിയെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. മിന്നലാക്രമണവും ബാലാക്കോട്ടിലെ വ്യോമാക്രമണവുമാണ് പാകിസ്ഥാനെ പാഠം പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ കാർഗിൽ യുദ്ധത്തിനു ശേഷം 20 വർഷം എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു റാവത്തിന്റെ പരാമർശം.
ഭീകരവാദത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയും പ്രശ്നങ്ങളുണ്ടാക്കാനാണു പാക്ക് സൈന്യം ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് ഇന്ത്യ ശക്തമായി മറുപടി നൽകും. ഭീകരപ്രവർത്തനങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ല. മിന്നലാക്രമണവും ബാലാക്കോട്ട് ആക്രമണവും ഇക്കാര്യം പാക്കിസ്ഥാനു മനസിലാക്കിക്കൊടുത്തു- കരസേനാ മേധാവി
പറഞ്ഞു.
ഇന്ത്യൻ സൈന്യം ഒരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. മാറുന്ന സാങ്കേതിക വിദ്യകൾ യുദ്ധത്തിന്റെ സ്വഭാവവും മാറ്റുകയാണ്. ബഹിരാകാശ , സൈബർ, സ്പെഷൽ ഫോഴ്സ് ഡിവിഷനുകളുടെ രൂപീകരണം ഈ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും റാവത്ത് പറഞ്ഞു.

