തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ LPST റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, നിരാഹാര സമരം പുനരാരംഭിച്ച വളർമതിയെ സന്ദർശിക്കുകയും ചെയ്തു. ഉദ്യോഗാർഥികളുടെ പ്രതിഷേധത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള സർക്കാർ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവാക്കൾക്ക് തൊഴിലവസരങ്ങളും പുതിയ നിക്ഷേപങ്ങളും ഉറപ്പാക്കുമെന്ന പ്രതീക്ഷയിൽ അധികാരത്തിലെത്തിയ സർക്കാരിന് ആറുമാസം പിന്നിട്ടിട്ടും തൊഴിൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സമരക്കാരുമായി ചർച്ച നടത്തുന്നതിനുപകരം സമരപ്പന്തൽ പൊളിച്ചുനീക്കുകയും നിരാഹാരമിരുന്ന വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് സർക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്തിട്ടും വീണ്ടും സമരരംഗത്തെത്തിയ വളർമതിയുടെ പോരാട്ടവീര്യം സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഗവർണറുടെയും ശ്രദ്ധയിൽ നേരത്തെ എത്തിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഇടപെട്ട് LPST റാങ്ക് ഹോൾഡർമാരുമായി ചർച്ച നടത്തണം. യുവാക്കളുടെ തൊഴിൽ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ബിജെപി പിന്നോട്ടില്ലെന്നും ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ അവരുടെ ശബ്ദമായി പാർട്ടി നിലകൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

