Wednesday, November 11, 2026

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ (PBG) സേവനമനുഷ്ഠിക്കുന്ന 26കാരനായ സൈനികൻ സൗരഭ് തോമറിനാണ് തലയ്ക്ക് വെടിയേറ്റത്. സ്വന്തം ഗ്രാമമായ ഗോപാൽപുർ ഖദാനയിൽ ദീപാവലി ആഘോഷിക്കാൻ അവധിക്കെത്തിയതായിരുന്നു സൗരഭ്. നവംബർ എട്ടിന് രാത്രി വീടിന് പുറത്ത് സഹോദരങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസികളായ ധീരജും സഹോദരൻ മോനുവും ഇതിനെ എതിർത്തതോടെയാണ് തർക്കം ആരംഭിച്ചത്. വാക്കേറ്റം രൂക്ഷമായതോടെ ധീരജ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

വെടിയുണ്ട ആദ്യം സമീപത്തെ ചുമരിൽ തട്ടി തെറിച്ചശേഷം സൗരഭിന്റെ ചെവിക്ക് പിന്നിലായി തലയ്ക്ക് കൊള്ളുകയായിരുന്നു. ആക്രമണത്തിനിടെ സൗരഭിന്റെ സഹോദരൻ വിനീതിനെയും പ്രതികൾ വടികൊണ്ട് മർദിച്ചതായാണ് പരാതി. ഉടൻ ആശുപത്രിയിലെത്തിച്ച സൗരഭിനെ വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ തലയിലുണ്ടായിരുന്ന വെടിയുണ്ട നീക്കം ചെയ്തു.

സംഭവത്തിൽ സൗരഭിന്റെ പിതാവ് ജനക് രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധീരജിനും മോനു എന്ന പ്രവീണിനുമെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2021ലാണ് സൗരഭ് സൈന്യത്തിൽ ചേർന്നത്. രാഷ്ട്രപതി ഭവനിൽ സുരക്ഷാ-ആചാരപരമായ ചുമതലകൾ നിർവഹിക്കുന്ന ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട റെജിമെന്റാണ് പ്രസിഡന്റ്സ് ബോഡിഗാർഡ്.

Related Articles

Latest Articles