Saturday, January 10, 2026

‘ബൈക്കിൽ കയറ്റിയില്ല’;പിന്നാലെ വാഹനം കത്തിച്ച യുവാവിനെതിരെ കേസ്;പ്രതി ഒളിവിൽ

വർക്കല:ബൈക്കിൽ കയറ്റാത്തതിന്‍റെ വൈരാഗ്യത്തിൽ വാഹനം കത്തിച്ച യുവാവിനെതിരെ കേസ്. 15 ദിവസം മുമ്പ് വാങ്ങിയ ബൈക്കാണ് പ്രതി കത്തിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പില്ലാന്നികോട് സ്വദേശി നിഷാന്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.സുഹൃത്തും അയൽവാസിയുമായ വിനീതിന്‍റെ ബൈക്കാണ് കത്തിച്ചത്.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് ഇട്ടിരുന്ന പില്ലാന്നിക്കോട് സ്വദേശി വീനിതിന്‍റെ പുതിയ ബൈക്കാണ് കത്തിച്ചത്. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതും വീട്ടുകാരും ഉണര്‍ന്നത്. ഉടനെ തീയണക്കാൻ ശ്രമിച്ചെങ്കിലും വണ്ടി പൂർണ്ണമായും കത്തി നശിച്ചിരുന്നു. വീടിന്റെ തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേൽക്കൂരയും വയറിംഗും ഭാഗികമായി നശിച്ചു.

ഒരുലക്ഷത്തി രണ്ടായിരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി വിനീത് വീടിനു സമീപത്തുള്ള റോഡിൽ സുഹൃത്ത് നിഷാന്തുമായി സംസാരിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ ബൈക്കിൽ എത്തിക്കണമെന്ന് നിഷാന്ത് ആവശ്യപ്പെട്ടെങ്കിലും വിനീത് വിസമ്മതിച്ചു. ബൈക്ക് കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി വാക്കേറ്റമായി. പിന്നാലെ പുലര്‍ച്ചെ വിനീതിന്‍റെ വീട്ടിലെത്തി നിഷാന്ത് ബൈക്ക് കത്തിച്ചെന്നാണ് പരാതി.

Related Articles

Latest Articles