Sunday, December 28, 2025

വാക്കുകൾ അതിര് കടക്കുന്നു!!
പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’:
വിവാദ പരാമർശവുമായി ഡി.ആർ.അനിൽ

തിരുവനന്തപുരം : നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബിജെപി പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി സിപിഎം കൗൺസിലർ ഡി.ആർ.അനിൽ. ‘‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’– എന്നായിരുന്നു പരാമർശം.

പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തി. എന്നാൽ, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡി.ആർ.അനിൽ പറഞ്ഞു. അനിലിനെ സംരക്ഷിച്ച് മേയർ ആര്യാ രാജേന്ദ്രനും രംഗത്തുവന്നു. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മേയറുടെ മറുപടി.
കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത് .

പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ സത്യഗ്രഹം നടത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

Related Articles

Latest Articles