Friday, September 25, 2026

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ തന്നെ ? പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമായ സൂചനകളോടെ നടന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ബിജെപി ഇവിടെ രണ്ടാം സ്ഥാനത്താണ്. മാത്രമല്ല 2014 ൽ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിയെ ഡോ ശശിതരൂർ പരാജയപ്പെടുത്തി കടന്നുകൂടിയത്. അതുകൊണ്ട് തന്നെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെ ആയിരിക്കും പാർട്ടി ഈ മണ്ഡലത്തിൽ നിയോഗിക്കുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. കൃത്യമായ സ്ഥാനാർത്ഥി നിർണ്ണയം നടത്തി മുന്നോട്ട് പോയാൽ ബിജെപി വരുന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വിജയക്കൊടി പാറിക്കും എന്ന് എതിരാളികൾ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. ഇപ്പോഴിതാ മുൻകേന്ദ്രമന്ത്രിയും ബിജെപി ദേശീയ വക്താവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ചക്ക് ശേഷം നടൻ കൃഷ്‌ണകുമാർ ചില സൂചനകൾ ഒളിപ്പിച്ച ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് പങ്കുവച്ചിരിക്കുന്നു. “അദ്ദേഹം വാക്ക് പാലിക്കും. ഇന്നലെ ഞാൻ എനിക്ക് തന്നെ നൽകിയ വാക്കുപാലിക്കാൻ ഞാനും. നമ്മുടെ തലസ്ഥാനം നമ്മുടെ അഭിമാനം എന്ന് ഓരോ മലയാളിയെയും കൊണ്ട് പറയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കൂടെയുണ്ട് – താങ്കൾക്കൊപ്പം, താങ്കളുടെ പ്രിയപ്പെട്ടവർക്കൊപ്പം, വികസനത്തിനൊപ്പം” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

“ഒന്നുമാത്രം ഇപ്പോൾ സൂചിപ്പിക്കാം – പ്രിയപ്പെട്ട നിങ്ങളോരോരുത്തർക്കും, സർവ്വേശ്വരനും നന്ദി”. എന്ന മുഖവുരയോടെയാണ് അദ്ദേഹം ഈ സൂചന നൽകിയിരിക്കുന്നത്. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് സംബന്ധിച്ച ചില ഉറപ്പുകൾ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരികൂടിയായ പ്രകാശ് ജാവദേക്കറിൽ നിന്ന് ലഭിച്ചതായാണ് ഈ വരികളിലെ സൂചന എന്ന് പ്രവർത്തകർ കണക്കുകൂട്ടുന്നു. കൃഷ്ണകുമാറിന്റെ വീട്ടിൽ പ്രകാശ് ജാവദേക്കർ ഇന്നലെ സന്ദർശനം നടത്തിയപ്പോഴാണ് സീറ്റ് സംബന്ധിച്ച ചർച്ചകൾ നടന്നത്. അടുത്ത തവണ തിരുവനന്തപുരം സന്ദർശിക്കുമ്പോൾ വീട്ടിൽ വരാമെന്നും ഡിന്നർ കഴിക്കാമെന്നും പ്രകാശ് ജാവദേക്കർ വാക്ക് തന്നിരുന്നതായും അദ്ദേഹം ഇന്നലെ അത് പാലിച്ചതായും നടൻ സന്തോഷം പങ്കുവച്ചു. നേരത്തെ ജയസാധ്യതയുള്ള മണ്ഡലങ്ങളായി ആറ് മണ്ഡലങ്ങൾ കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തതായി വാർത്തകളുണ്ടായിരുന്നു. ഇതിൽ ഓരോ മണ്ഡലത്തിന്റെയും ചുമതല ഓരോ നേതാക്കന്മാരെ ഏൽപ്പിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്രമന്ത്രി വി മുരളീധരനായിരുന്നു. ഒരു മണിക്കൂറോളം പ്രകാശ് ജാവദേക്കർ നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

“നെക്സ്റ്റ് ടൈം വെൻ ഐ കം ടു ട്രിവാൻഡ്രം, ഐ വിൽ കം ടു യുവർ ഹോം. വിൽ ഹാവ് ഡിന്നർ വിത്ത് യു ആൻഡ് യുവർ ഫാമിലി”
ഏറ്റവുമൊടുവിൽ ദില്ലിയിൽ അദ്ദേഹത്തിന്റെ ഓഫിസിൽ വെച്ച് കണ്ടപ്പോൾ എന്നോടിങ്ങനെ പറഞ്ഞത് മറ്റാരുമല്ല, ശ്രീ. പ്രകാശ് ജാവദേക്കർ ആണ്. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നമ്മുടെയെല്ലാം മുതിർന്ന നേതാവാണദ്ദേഹം. മുൻ കേന്ദ്ര മന്ത്രിയും പാർട്ടിയുടെ ഔദ്യോഗിക വക്താവും. പക്ഷെ അതിലുമൊക്കെയേറെ പ്രധാനമായി, 2024 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലയെന്ന നിർണ്ണായക പദവി വഹിക്കാൻ കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തിരിക്കുന്നതും അദ്ദേഹത്തെത്തന്നെ.

അദ്ദേഹം വാക്കുപാലിച്ചു. ഇന്നലെ വൈകിട്ട് ഔപചാരികതകളൊന്നുമേ തന്നെ ഇല്ലാതെ അദ്ദേഹം എന്റെ വീട്ടിലെത്തി, കുടുംബാംഗങ്ങളോടൊത്ത് ദീർഘനേരം ചിലവിട്ടു, എല്ലാവരുമൊരുമിച്ചിരുന്നു മനസ്സുനിറഞ്ഞ് ആഹാരവും കഴിച്ചു. മടങ്ങിപ്പോകുന്നതിനു മുൻപ് ഒരു മണിക്കൂറോളം സമയം എന്നോടൊപ്പമിരുന്നു. തൊട്ടുമുൻപ് വരെ ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ എന്നോടും ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്ന ഒരാളിൽ നിന്നും നിമിഷാർദ്ധം കൊണ്ട് അങ്ങേയറ്റം തന്ത്രജ്ഞനായ, കുശാഗ്രബുദ്ധിക്കാരനായ, നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ പുറംകാഴ്ചകളും അടിയൊഴുക്കുകളും ഒരുപോലെയറിയുന്ന ഒരു ഇലക്ഷൻ എഞ്ചിനീയറായി അദ്ദേഹം മാറി. ഒരിക്കലുംമറക്കാനാവാത്ത ആ ഒരു മണിക്കൂർ സമയം കൊണ്ട് എന്താണ്, എങ്ങനെയാണ് ഒരു ഉത്തരവാദിത്വപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ വരും ദിവസങ്ങളിൽ ഞാൻ പ്രവർത്തിക്കേണ്ടതെന്തെന്നും, കേന്ദ്ര നേതൃത്വം എന്നിൽ നിന്നും നമ്മുടെ തിരുവനന്തപുരത്തു നിന്നും പ്രതീക്ഷിക്കുന്നതെന്നും മനസ്സിലായി. ഒന്ന് മാത്രം ഇപ്പോൾ സൂചിപ്പിക്കാം — പ്രിയപ്പെട്ട നിങ്ങളോരോരുത്തർക്കും, സർവ്വേശ്വരനും നന്ദി. അദ്ദേഹം വാക്ക് പാലിക്കും. ഇന്നലെ ഞാൻ എനിക്കുതന്നെ നൽകിയ വാക്കു പാലിക്കാൻ ഞാനും. നമ്മുടെ തലസ്ഥാനം നമ്മുടെ അഭിമാനം എന്ന് ഓരോ മലയാളിയെയും കൊണ്ട് പറയിപ്പിക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. കൂടെയുണ്ട് — താങ്കൾക്കൊപ്പം, താങ്കളുടെ പ്രിയപ്പെട്ടവർക്കൊപ്പം, വികസനത്തിനൊപ്പം.

നല്ല ഒരു ദിവസം ആശംസിച്ചുകൊണ്ട് നിർത്തുന്നു. എല്ലാവർക്കും നമസ്കാരം. ജയ് ഹിന്ദ്..

Related Articles

Latest Articles