കേരള രാഷ്ട്രീയത്തില് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില് സമര്പ്പിച്ച രേഖകള് ബി.ജെ.പി നേതാവ് ഷോണ് ജോര്ജ് പുറത്തുവിട്ടത് അതീവ ഗൗരവകരമായ ചര്ച്ചകള്ക്കാണ് വഴിവെച്ചിരിക്കുന്നത്. സി.എം.ആര്.എല് (CMRL) എം.ഡി ശശിധരന് കര്ത്തായുടെ ഡയറിയിലെ വിവരങ്ങള് പുറത്തുവരുമ്പോള്, അത് കേരളത്തിലെ മുന്നണി ഭേദമന്യേയുള്ള പ്രമുഖ നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
പുറത്തുവന്ന ഡയറിയിലെ താളുകളില് ഇടതു-വലത് മുന്നണികളിലെ മുന്നിര നേതാക്കളുടെ പേരുകളുണ്ടെന്നാണ് വെളിപ്പെടുത്തല്. ഉമ്മന് ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്, കെ. മുരളീധരന് തുടങ്ങി വിവിധ കാലഘട്ടങ്ങളിലെ പ്രമുഖരുടെ പേരുകള് ഇതില് ഉള്പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ‘പി.വി’ എന്ന ചുരുക്കപ്പേരില് അല്ലാതെയെന്നും, വ്യക്തമായി ‘പിണറായി’ എന്ന് തന്നെയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നത് കേസില് സര്ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാഷ്ട്രീയ ആയുധമാക്കാന് എതിരാളികള്ക്ക് കരുത്തുപകരുന്നു.
പിണറായി, വിഎസ്, സി കെ ചന്ദ്രപ്പന്, എളമരം കരീ, പി രാജീവ് തുടങ്ങിയ ഇടതു നേതാക്കളുടെ നീണ്ട നിരയും മാസപ്പടി ലിസ്റ്റില് ഉള്പ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല, ഹൈബി ഈഡന്, തങ്ങള്, കെ മുരളീധരന്, ബെന്നി ബഹനാന് തുടങ്ങിയവരുടെ പേരും ലിസ്റ്റില് ഉള്പ്പെട്ടിട്ടുണ്ട്. കരിമണല് കര്ത്തയില് നിന്നും പണം വാങ്ങാത്ത നേതാക്കള് കുറവാണെന്ന സൂചിപ്പിച്ചാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
എല് ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകള് വ്യക്തമായി കുറിച്ചിട്ടുള്ള പേജില് മുഖ്യമന്ത്രി വി ഡി സതീശനും ഉള്പ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോണ്, മാസപ്പടി കേസില് ഇ ഡിയുടെ കത്തില് സംസ്ഥാന സര്ക്കാര് പിണറായിക്കെതിരെ വിജിലന്സ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നാണ് വിലയിരുത്തുന്നത്. ഈ വിഷയത്തില് വരും ദിവസങ്ങളില് കൂടുതല് നിയമപോരാട്ടങ്ങളും രാഷ്ട്രീയ പ്രതിരോധങ്ങളും ഉണ്ടാകുമെന്ന് തീര്ച്ചയാണ്.

