ദില്ലി : സംസ്ഥാനത്ത് മുസ്ലിങ്ങളെയും ക്രൈസ്തവരെയും കൂടെ സഹകരിപ്പിക്കാൻ 10 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി പ്രത്യേക പ്രചാരണ പരിപാടി നടത്തും ഇതിന്റെ ഭാഗമായി സ്നേഹ സമ്മേളനങ്ങളും സ്കൂട്ടര്‍ റാലികളും ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിക്കും. ഒരു മണ്ഡലത്തില്‍ നിന്ന് അയ്യായിരം പേരെ പുതുതായി പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി. ബിജെപിക്കു വോട്ടു ചെയ്യാത്ത സമുദായങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന കഴിഞ്ഞ ദേശീയ നിര്‍വാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെയ്തത് ഉൾക്കൊണ്ടാണ് ബിജെപി ദേശീയ ന്യൂനപക്ഷ മോര്‍ച്ച രാജ്യമൊട്ടാകെ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിനായി ആകെ രാജ്യമെമ്പാകെ 60 ലോക്സഭാ മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, മലപ്പുറം,പൊന്നാനി , വയനാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളാണുള്ളത്. പാർട്ടിയിലേക്ക് പുതിയതായി എത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ദില്ലിയിൽ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.