റായ്പൂർ: ദന്തെവാഡയിൽ ഛത്തീസ്‌ഗഡ് പോലീസിനെതിരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ ശക്തമായി അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആക്രമണം ഭീരുത്വമെന്നും സംസ്ഥാന സർക്കാരിന് കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീരമൃത്യു വരിച്ച കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് 50കിലോഗ്രാം ഭാരമുള്ള ഇംപ്രൊവെെസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമാണ് പ്രയോഗിച്ചത് എന്നാണ് റിപ്പോർട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. വാടകയ്‌ക്കെടുത്ത മിനി വാനിലാണ് സുരക്ഷാ സേന ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ വാഹനം 20 അടിയെങ്കിലും തെറിച്ചിട്ടുണ്ടാകാമെന്നാണ് വിവരം.
നക്സലൈറ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. തെരച്ചിലിന് ശേഷം പ്രദേശത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോൺഗ്രസ് എംഎൽഎയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്നത്തെ ആക്രമണം. പഞ്ചായത്ത് അംഗം പാർവതി കശ്യപിനൊപ്പം കോൺഗ്രസ് എംഎൽഎ വിക്രം മാണ്ഡവി യാത്ര ചെയ്യുന്നതിനിടെയാണ് മാവോയിസ്റ്റുകൾ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തത്.

