കൊച്ചി : ക്രൈസ്തവമതമേലാദ്ധ്യക്ഷൻമാർക്കുൾപ്പെടെ എല്ലാവർക്കും വികസനത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സഞ്ചരിക്കാനാണ് താത്പര്യമെന്നും അവർക്കെതിരെയുണ്ടായിരുന്ന പ്രചാരണവും ഭീഷണിയുമൊന്നും വിലപ്പോയില്ലെന്നും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം ബി.ജെ.പിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതിന് ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയോളം രൂപയുടെ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം വർദ്ധിപ്പിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലൂടെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദത്തിന്റെ പൊള്ളത്തരം കണക്കുകൾ സഹിതം വ്യക്തമാകുന്നതായിരുന്നു. യുവം -2023 ന്റെ തുടർച്ചയായി ക്യാമ്പസുകളിലും യുവജന കൂട്ടായ്മകളിലും യുവ സംരംഭകർ വിദ്യാർത്ഥികൾ പ്രൊഫഷണലുകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജില്ലാ അടിസ്ഥാനത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കും. കേരളം വികസനത്തിന്റെ കാര്യത്തിൽ കിതക്കുകയാണ്, തൊഴിലില്ലായ്മ രൂക്ഷമാണ്, നിക്ഷേപ സൗഹാർദ അന്തരീക്ഷമല്ല സംസ്ഥാനത്തുള്ളത്, ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ കാര്യമായി ഇടപ്പെടുന്നില്ല. പി.എസ്.സിയെ നോക്കുകുത്തിയാക്കി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിലും പിൻവാതിലുടെയും സി.പി.എം. പ്രവർത്തകരെ കുത്തി നിറക്കുകയാണ്. വിഷയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി സംവാദത്തിന് തയ്യാറാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനായി മുഴുവൻ ധനസഹായം ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. പ്രതിവർഷം 800 – 900 കോടിയോളം രൂപയാണ് മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി മാത്രം നൽക്കുന്നത് നിയമനം നടത്തുന്നത് സംസ്ഥാന സർക്കാരും. കരാർ – പിൻവാതിൽ നിയമനങ്ങളിലൂടെ സി.പി.എം പ്രവർത്തകരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ അവരോധിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്’ – കെ സുരേന്ദ്രൻ പറഞ്ഞു.

