Saturday, January 3, 2026

ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചു ; അധികൃതരുടെ അനാസ്ഥ കൊണ്ടുചെന്നെത്തിച്ചത് വൻ ദുരന്തത്തിൽ

താനൂര്‍: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതമായ അനാസ്ഥയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. ജലദുരന്ത സാധ്യതയെ കുറിച്ച് കഴിഞ്ഞ ഡിസംബറില്‍തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മലപ്പുറം ജില്ലാ വികസന സമിതി യോഗത്തില്‍ ബോട്ടുദുരന്തത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും വിവരമുണ്ട്‌. നിയമം പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ നടപടി കൈക്കൊള്ളുവാനുള്ള നിർദേശവും ഈ യോഗത്തിൽ മുന്നോട്ട് വച്ചു. എന്നാല്‍, ഈ നിർദേശങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടിരുല്ല.

കഴിഞ്ഞ നവംബര്‍ 26-ന് നടന്ന മലപ്പുറം ജില്ല വികസന സമിതി യോഗത്തിലാണ് ജില്ലയില്‍ ബോട്ടപകട സാധ്യതയുണ്ടെന്ന മുന്നറിയിപ്പു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. ലൈസന്‍സില്ലാതെയും മറ്റു സുരക്ഷാ സംവിധാനങ്ങളില്ലാതെയും ഉല്ലാസബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് യോഗത്തില്‍ അബ്ദുള്‍ഹമീദ് എം.എല്‍.എ. നൽകിയിരുന്നു . രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ കുറവും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ദുരന്തനിവാരണ അതോറിറ്റിയും യോഗം ചേര്‍ന്നിരുന്നു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകളെസംബന്ധിച്ച വിവരങ്ങൾ ജില്ലാ പോലീസ് മേധാവിയ്ക്കും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്കും നല്‍കുകയും ചെയ്തു. ഇതിനെത്തുടർന്ന് ലൈസന്‍സില്ലാതെ പ്രവർത്തിക്കുന്ന ബോട്ടുകള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ , ലൈസന്‍സില്ലാത്ത ബോട്ടുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധിയിൽ നിന്ന് ലഭിച്ച മറുപടി. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ല എന്ന ഉറപ്പ് ബന്ധപ്പെട്ട അധികാരികള്‍ യോഗത്തില്‍ നല്‍കിയതുമാണ്. എന്നാല്‍, ഇവയെല്ലാം ഗുരുതരമായ രീതിയിൽ ലംഘിക്കപ്പെട്ടു എന്നത് താനൂരിലെ ബോട്ടപകടത്തില്‍നിന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണ്.

Related Articles

Latest Articles