Friday, May 17, 2024
spot_img

കേരളമെന്ന കപ്പലിലെ ക്യാപ്റ്റൻ താനൂരിലെത്തിയിട്ടുണ്ട്;ചിലപ്പോൾ ഈ ദുരന്തം പഠിക്കാൻ കുടുംബസമേതം വെനീസിലേയ്ക്ക് വിദേശ പര്യടനം നടത്താൻ ചാൻസുണ്ട്;പ്രത്യേകിച്ച് മരുമോൻ മന്ത്രി വിദേശയാത്ര കൊണ്ട് ഗുണം ഉണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ;മുഖ്യനെയും മരുമകനെയും വാരിയലക്കി അധ്യപിക

കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. താനൂർ ഓട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് മറഞ്ഞുണ്ടായ അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിൽ ആറോളം കുട്ടികളുണ്ടെന്നതും മലയാളിയുടെ നെഞ്ചുലയ്ക്കുന്നു. ഇപ്പോൾ ഇതുപോലുള്ള ഡ്രാമകൾ ഇനിയും തുടരുമെന്ന് പറയുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ചു പാർവതി പ്രഭീഷ്. മാത്രമല്ല കേരളമെന്ന കപ്പലിലെ ക്യാപ്റ്റൻ താനൂരിലെത്തിയിട്ടുണ്ട്. ചിലപ്പോൾ ഈ ദുരന്തം പഠിക്കാൻ കുടുംബസമേതം വെനീസിലേയ്ക്ക് വിദേശ പര്യടനം നടത്താൻ ചാൻസുണ്ട്. പ്രത്യേകിച്ച് മരുമോൻ മന്ത്രി വിദേശയാത്ര കൊണ്ട് ഗുണം ഉണ്ടെന്ന് പറഞ്ഞിരിക്കുകയല്ലേ. ഫേസ്ബുക്കിലൂടെയാണ് അഞ്ചു പാർവതി പ്രഭീഷ് വിമർശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അശ്രദ്ധയും അനാസ്ഥയും അധികാരികളുടെ പിടിപ്പുകേടും കൊണ്ട് ദുരന്തമുണ്ടാകുന്നതിൽ നമ്പർ 1 സ്ഥാനത്താണ് എന്നും കേരളം. ഒഴിവാക്കാമായിരുന്ന എത്രയെത്ര ദുരന്തങ്ങളാണ് പ്രബുദ്ധ സാക്ഷര കേരളത്തിൽ സംഭവിക്കുന്നത്! ഇവിടെ ആർക്കും സ്വന്തമായി ബോട്ട് ഇറക്കി വിനോദസഞ്ചാരം നടത്താം. ആർക്ക് വേണേലും ബോട്ട് ഓടിക്കുകയും ചെയ്യാം. ലൈസൻസും വേണ്ട; ഫിറ്റ്നസും വേണ്ട. മത്സ്യബന്ധനം നടത്തി തേഞ്ഞ ബോട്ട് വിനോദസഞ്ചാര ബോട്ടാക്കി മാറ്റി ടൂറിസമെന്ന പേരിൽ കീശയിൽ പണം നിറയ്ക്കാം. ഇരുപത് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടിൽ നാല്പതും അമ്പതും പേരെ ഇടിച്ചു കയറ്റാം. ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒന്നും ഇല്ലാത്ത ബോട്ടിന് എന്തിന് ലൈഫ് ജാക്കറ്റും സുരക്ഷാമാർഗ്ഗങ്ങളും. ?

ബോട്ട് മുങ്ങി; ആളുകൾ മുങ്ങി മരിച്ചു; ബോട്ടുടമ പതിവുപോലെ കരയിലും മുങ്ങി. എന്നിട്ട്? കുറച്ചു ദിവസം നമ്മൾ ഇതേ കുറിച്ച് സംസാരിക്കും. ഒന്ന് – രണ്ട് ദിവസം രാഷ്ട്രീയ നേതാക്കൾ അനുശോചനവുമായി നടക്കും. ചാനലുകൾ മരിച്ചവരുടെ ബന്ധുക്കളുടെ കണ്ണീര് വച്ച് റേറ്റിംഗ് ഉണ്ടാക്കും. കുറച്ച് ദിവസം ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനാ ചെക്കിംഗ് നടക്കും. പിന്നെ എല്ലാം മറക്കും; വീണ്ടും പഴയ പടി സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാവങ്ങളുടെ ജീവൻ വച്ച് മുതലാളിമാർ കാശ് ഉണ്ടാക്കും. താനൂർ അപകടത്തിലും ഇനി നടക്കാൻ പോകുന്നത് പതിവ് ഡ്രാമ തന്നെ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ബോട്ട് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുക്കും. പണ്ട് തേക്കടിയിലൊക്കെ ചെയ്തത് പോലെ. പക്ഷേ അതുകൊണ്ട് എല്ലാമായോ? ഉദ്യോഗസ്ഥരുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും മൂക്കിന് തൊട്ട് താഴെയാണ് ഈ നൈറ്റ് റിക്രിയേഷൻ കം വിനോദസഞ്ചാരം ഇതുവരേയ്ക്കും നടന്നത്. ആറ് മണിക്ക് ശേഷം ജല ടൂറിസം അനുവദനീയമല്ലാത്തത് അല്ലേ? അപ്പോൾ ഇതൊക്കെ കണ്ടിട്ടും കാണാതെ നടിച്ചവർ ആരാണ്? ഫിറ്റ്നസും ലൈസൻസും ഇല്ലാതെ ഒരു ബോട്ട് ഉല്ലാസ നൗകയായി മാറി കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവിടെ സർവീസ് നടത്തുകയായിരുന്നു.

ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും നാം കുറേ കണ്ണീരൊഴുക്കി അടുത്ത വിഷയം തിരഞ്ഞ് പോയിട്ട് കാര്യമില്ല. പരിഹാരങ്ങളേപ്പറ്റി ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണം. കടലും കടപ്പുറവും കണ്ട് ഓടിക്കളിക്കേണ്ട ബാല്യങ്ങൾ ഉൾപ്പെടെ 22 പേർ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ബോട്ടിൻ്റെ അവസാന ട്രിപ്പ് ആയതുകൊണ്ടു മാത്രം തിരക്ക് വകവയ്ക്കാതെ, സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കാതെ ജീവിതം ഉല്ലാസമാക്കാൻ പോയ കുറേ മനുഷ്യർ അറിഞ്ഞില്ല അവർ എടുത്തത് ജീവിതത്തിൽ നിന്നും മടങ്ങാനുള്ള ടിക്കറ്റ് ആണ് എടുത്തതെന്ന്. ജല ടൂറിസം മുക്കിലും മൂലയിലും തഴച്ചുവളരുന്നുണ്ട്. കടലോരങ്ങളിലും കായലോരങ്ങളിലും കുടുംബവുമൊത്ത് ഇത്തിരി നേരം ചെലവഴിക്കാനെത്തുന്ന കുടുംബങ്ങളുടെ എണ്ണം കൂടുമ്പോൾ അതിൽ ഒരു കച്ചവട തന്ത്രം കണ്ട് പഴയ ബോട്ടും വള്ളവും സംഘടിപ്പിച്ച് സ്വയം കപ്പിത്താന്മാരായി മാറി സ്വയംതൊഴിൽ ടൂറിസം സംഘടിപ്പിക്കുന്നവർ. ഇത്തവണ തൃശൂരിൽ ചെന്നപ്പോൾ മിക്കയിടത്തും ( കണ്ടശ്ശാം കടവ്, കനോലി കനാൽ ) ഇത് കാണാൻ കഴിഞ്ഞു.

കടലും കനാലും സംഗമിക്കുന്ന തീരങ്ങളിൽ ടൂറിസത്തിന് സാദ്ധ്യത ഉണ്ടെന്ന് മനസ്സിലാക്കുന്ന പലരും ഇപ്പോൾ സ്വന്തമായി ടൂറിസം നടത്തുന്നുണ്ട്. സഞ്ചാര യോഗ്യമല്ലാത്ത ബോട്ടുകൾ തുച്ഛമായ വിലകൊടുത്ത് തീരത്ത് എത്തിച്ചു സർവീസ് നടത്തുന്നത് ഇപ്പോൾ വ്യാപകം. എന്തായാലും താനൂരിൽ സംഭവിച്ചത് ഇങ്ങനൊന്നാണ്. അധികാരികൾ കണ്ണടച്ചത് കൊണ്ടുമാത്രം നഷ്ടമായ 22 ജീവനുകൾ. ആരുടെയൊക്കെയോ അലംഭാവവും ലാഭക്കൊതിയും കൊണ്ടുണ്ടായ ദാരുണ ദുരന്തം. ഒരു ബോട്ടിൽ എത്ര പേരെ കയറ്റാൻ അനുമതിയുണ്ട് എന്നുപോലും പറയാൻ
ഉത്തരവാദിത്തപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. അതിൻ്റെ കാരണം അവരാരും ഇത് വരെ അത് പരിശോധിച്ചിട്ടില്ല എന്നത് തന്നെ.! ആടിയുലയുന്ന കേരളമെന്ന കപ്പലിലെ ക്യാപ്റ്റൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മിക്കവാറും ഇനിയൊരു ദുരന്തം വരാതിരിക്കാൻ എന്തു ചെയ്യണമെന്ന് പഠിക്കാൻ കുടുംബസമേതം വെനീസിലേയ്ക്ക് വിദേശ പര്യടനം നടത്താൻ ചാൻസുണ്ട്, പ്രത്യേകിച്ച് മരുമോൻ മന്ത്രി വിദേശയാത്ര കൊണ്ട് ഗുണം ഉണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ. !

Related Articles

Latest Articles