Saturday, December 20, 2025

താനൂർ ബോട്ടപകടം; അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ

മലപ്പുറം : 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ പോലീസ് പിടിയിലായി. കോഴിക്കോട് എലത്തൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പോലീസ് തിരച്ചിലിലാണ് ഇയാൾ വലയിലായത്.

ഇന്നുച്ചയോടെ നാസറിന്റെ കാര്‍ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.

അപകടമുണ്ടായ ഞായറാഴ്ച രാത്രി ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഫോൺ കൊച്ചി നഗരപരിധിയിലുണ്ടെന്ന് മനസിലാക്കിയത് . തുടർന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് ഇയാളുടെ ഫോണും കണ്ടെടുത്തിരുന്നു.

Related Articles

Latest Articles