Thursday, May 16, 2024
spot_img

യൂറോപ്പിലുടനീളം പ്രദർശിപ്പിക്കണമെന്ന ആവശ്യം അന്തരാഷ്ടതലത്തിൽ ഉയരുന്നതിനിടെ,ദി കേരള സ്റ്റോറി ബംഗാളിൽ നിരോധിച്ച് മമതാ ബാനർജി സർക്കാർ

കൊൽക്കത്ത : ബംഗാളി സംവിധായകൻ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. യൂറോപ്പിലുൾപ്പെടെ ചിത്രം പ്രദർശിപ്പിക്കണമെന്ന ആവശ്യമുയരുമ്പോഴാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്.

‘‘വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിർത്താനാണു നിരോധനം’’– മമത വ്യക്തമാക്കി. കശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമയ്ക്കു ബിജെപി പണം മുടക്കുന്നുവെന്നു മമത ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു കേരള സ്റ്റോറി നിരോധിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. തിയറ്ററുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദേശം നൽകി.

ചിത്രത്തിൽ കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരം പത്ത് രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം അഞ്ചാം തീയതി റിലീസ് ചെയ്തത്. അന്ന് കേരളത്തിൽ 20 തിയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിഷേധമുണ്ടായി. സംസ്ഥാനത്തെങ്ങും പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

Related Articles

Latest Articles