Monday, December 22, 2025

മന്ത്രി വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം!ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച

വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച.
കേരളം ഗുണ്ടകളുടെ സ്വന്തം ഇടമായി മാറിയിരിക്കുകയാണെന്നും ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

“പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ നാണം കെട്ട ഇടപെടൽ നടത്തുന്ന പോലീസിനെ വയനാട്ടിൽ കണ്ടെങ്കിൽ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെ കേരളം കണ്ടു. കേരളത്തിന് ഈ ആരോഗ്യമന്ത്രി നാണക്കേടാണ്. മന്ത്രി വീണാ ജോർജ് മുമ്പ് നടത്തിയ മാധ്യമ പ്രവർത്തനത്തിന്റെ പരിചയം പോലും അവർക്ക് ഉപകാരപെടുന്നില്ല. എത്രയും പെട്ടെന്ന് വീണാ ജോർജിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഇങ്ങനെ ചിലരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി മലയാളികളുടെ സഹന ശേഷിയെ വെല്ലുവിളിക്കുകയാണ്. വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി ഇനിയെങ്കിലും ഡോക്ടർമാരുടെ ജീവന് സംരക്ഷണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം” – പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

ഇന്നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു

Related Articles

Latest Articles