Sunday, September 20, 2026

താനൂർ ബോട്ട് ദുരന്തം ; ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ച് സർക്കാർ, ജസ്റ്റിസ് വി.കെ മോഹനൻ ചെയർമാനായ കമ്മിഷനിൽ സാങ്കേതിക വിദഗ്ധരും

തിരൂര്‍: താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനെയാണ് ജുഡീഷ്യൽ അന്വേഷണത്തിനായി നിയോഗിച്ചത്.

നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എന്‍ജിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എന്‍ജിനീയര്‍, കേരള വാട്ടര്‍വേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ ജുഡീഷ്യല്‍ കമ്മിഷനിൽ അംഗങ്ങളായിരിക്കും.

ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.അതെസമയം സംഭവത്തിൽ ബോട്ട് ഉടമ നാസറിനെതിരേ ഇന്നലെ കൊലക്കുറ്റം ചുമത്തി. അപകടം ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും അത് അവഗണിച്ച് ബോട്ട് സർവീസ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപകടസമയത്ത് ബോട്ട് നിയന്ത്രിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശി ദിനേശൻ ഇന്ന് പിടിയിലായിരുന്നു.

Related Articles

Latest Articles