Saturday, December 20, 2025

വാമനപുരത്ത് വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ബസിൽ മൃതദേഹം; അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം: വാമനപുരം കാരേറ്റ് വർക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവാണു മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്നുച്ചയോടെയാണ് വർക് ഷോപ്പിലെ ജീവനക്കാർ മൃതദേഹം കാണുന്നത്.

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ബാബു ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നത്. ഇയാൾ കുടുംബവുമായി അകൽച്ചയിലാണ്. വഴിയോരത്തെ കടത്തിണ്ണകളിലും പാർക്ക് ചെയ്യുന്ന ബസുകളിലുമാണ് ഇയാൾ അന്തിയുറങ്ങിയിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഏറെ നാളായി ഓടാതെ കിടക്കുന്ന ബസിന്റെ സീറ്റുകൾക്കിടയിലായിരുന്നു മൃതദേഹം. ഒടുവിൽ സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.

പോലീസ് ആവശ്യപ്പെട്ടത് പ്രകാരം എത്തിയ ബാബുവിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു.

Related Articles

Latest Articles