തിരുവനന്തപുരം : പോലീസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ പ്രണയിച്ച യുവാവിനൊപ്പം ജീവിതം ആരംഭിക്കാൻ ഇറങ്ങി തിരിച്ച പെൺകുട്ടിയെ അമ്പലത്തിൽ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുൻപ് പോലീസ് സംഘം പിടിച്ചുകൊണ്ട് പോയി. പോലീസ് സ്റ്റേഷനിൽ എത്തിച്ച പെൺകുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറിൽ പിടിച്ചു കയറ്റി പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോയി.
കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ.എസ് റോഡ് സ്വദേശി അഖിലും പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. ഇതേത്തുടർന്ന് വെള്ളിയാഴ്ച അൽഫിയയുടെ വീട്ടുകാരും അഖിലിൻ്റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ്.ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തുകയും തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കോവളം കെ.എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ വിവാഹത്തിന് തൊട്ടു മുൻപ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം അമ്പലത്തിൽ എത്തുകയും അൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു.
തുടർന്ന് അൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പൊലീസ് സ്റ്റേഷനിലെത്തി. ഇവിടെ വെച്ചും അഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും അസഭ്യം വിളിച്ചു കായംകുളം എസ്.ഐയും സംഘവും ബലമായി അൽഫിയയെ കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. അതിനിടയിൽ ക്ഷേത്രത്തിനുള്ളിൽ ബൂട്ട് ഇട്ടുകയറിയ എസ്.ഐക്ക് എതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതി നൽകുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.




— Tatwamayi News (@TatwamayiNews) June 18, 2023
— Tatwamayi News (@TatwamayiNews) June 18, 2023
— Tatwamayi News (@TatwamayiNews) June 18, 2023

