തളിപ്പറമ്പ് : ക്ലാസ് കഴിഞ്ഞുവരികയായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറു വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയോധികന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി 10 വർഷം കഠിന തടവും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചു. ഇരിട്ടി വയത്തൂർ തൊട്ടിപ്പാലം ചേരൂർ അബ്ദു(71)വിനെയാണ് കേസിൽ ശിക്ഷിച്ചത്.
2017 ജൂലൈ 17ന് വൈകുന്നേരമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞു വന്ന കുട്ടി രക്ഷിതാക്കളെ കാത്ത് കടയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ കടയിൽ സാധനങ്ങൾ വാങ്ങുവാൻ വന്ന അബ്ദു കുട്ടിയെ ബലമായി കടയുടെ പിൻവശത്തേക്കു പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ശിക്ഷ വെവ്വേറെ ആയതിനാൽ പ്രതി 10 വർഷവും ശിക്ഷ അനുഭവിക്കണം. അന്നത്തെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, ഇൻസ്പെക്ടർ എൻ.സുനിൽകുമാർ എന്നിവരായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ.

