Sunday, May 19, 2024
spot_img

ചന്ദ്ര ഹൃദയത്തിലേക്ക്…! കൗണ്ട് ഡൗൺ തുടങ്ങി; ചന്ദ്രയാൻ -3 ഇന്ന് കുതിക്കും, ഐഎസ്ആര്‍ഒ സജ്ജം, പ്രതീക്ഷയോടെ രാജ്യം

ചെന്നൈ: രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും വഹിച്ചുകൊണ്ട് ചാന്ദ്രയാന്‍ -3 ഇന്ന് കുതിക്കും. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയുടെ മൂന്നാം ദൗത്യമായ ചന്ദ്രയാൻ-3 ന്റെ കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ തുടങ്ങി. പര്യവേക്ഷണ പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 റോക്കറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് രണ്ടാം വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05-ന് തുടങ്ങിയ 25 മണിക്കൂർ 30 മിനിറ്റ് നീളുന്ന കൗണ്ട് ഡൗണിനിടെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും അവസാനവട്ട സുരക്ഷാപരിശോധനകളും പൂർത്തിയായി. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്ന് പേരുമാറ്റിയ ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജി എസ് എസ് എൽ വി മാർക്ക് -3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്നത്തേത്.

കൗണ്ട് ഡൗണ്‍ തുടങ്ങി പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയും നെഞ്ചിടിപ്പും ഉയരുകയാണ്. ഐഎസ്ആര്‍ഒ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇതുവരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തില്‍ വെച്ച് ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ല്‍ ചന്ദ്രയാന്‍ – 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

16 മിനിറ്റും 15 സെക്കന്‍ഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം, വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ഓഗസ്റ്റ് 23 വരെ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുത്.

Related Articles

Latest Articles