ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടിലെ ജോലിക്കാരിയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ജോലിക്കാരിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്ത് വന്നത്. ജോലിക്കാരിയായ വിജയയാണ് പ്രതി. ഇവർ കഴിഞ്ഞ മാസം മുതലാണ് വീട്ടിൽ മോഷണം നടത്തി വരുന്നത്. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനാണ് വിജയ വീട്ടിൽ എത്തിയത്.
പണം നഷ്ടപ്പെടുന്നത് മനസിലായപ്പോൾ തന്നെ ശോഭന വിവരം വിജയയോട് ചോദിച്ചിരുന്നു. എന്നാൽ അവർ മോഷണം നിഷേധിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും അന്വേഷണത്തിൽ മോഷണ വിവരം പുറത്തു വരികയും ചെയ്തു. പലപ്പോഴായി 41,000 രൂപയാണ് ഇവർ മോഷ്ടിച്ചത്. പണം തന്റെ മകൾക്ക് കൈമാറിയതായും ഗൂഗിൾ പേ വഴിയാണ് കൈമാറിയതെന്നും വിജയ പോലീസിനോട് പറഞ്ഞു. തുടർന്ന് ശോഭന പരാതി പിൻവലിക്കുകയും വിജയയെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. വിജയയെ തുടർന്നും വീട്ടിൽ തന്നെ നിർത്താനാണ് ശോഭനയുടെ തീരുമാനം.

