വെലിങ്ടൺ: ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച പ്രതിപക്ഷമായ നാഷനൽ പാർട്ടിക്ക് ജയം. മാറ്റത്തിനുവേണ്ടി വോട്ടുചെയ്ത ജനങ്ങളോട് നന്ദിയറിയിച്ച് നാഷനൽ പാർട്ടി നേതാവ് ക്രിസ് ലക്സൺ പറഞ്ഞു. പരാജയം സമ്മതിച്ച നിലവിലെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ക്രിസ് ഹിപ്കിൻസ് ക്രിസ് ലക്സണെ അഭിനന്ദിച്ചു.
നാഷനൽ പാർട്ടിക്ക് 51 സീറ്റും ലേബർ പാർട്ടിക്ക് 33 സീറ്റും ലഭിക്കുമെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഗ്രീൻസ് പാർട്ടിക്ക് പതിമൂന്നും ആക്ട് പാർട്ടിക്ക് പന്ത്രണ്ടും ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിക്ക് എട്ടും ലഭിക്കും. 121 അംഗ പാർലമെന്റിൽ ആക്ട് പാർട്ടിയുടെ പിന്തുണയോടെയാണ് നാഷനൽ പാർട്ടി ഭൂരിപക്ഷം സ്വന്തമാക്കിയത്. ഇടത്തരം വരുമാനക്കാർക്ക് നികുതി ഇളവ്, കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ക്രിസ് ലക്സൺ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

