Sunday, May 19, 2024
spot_img

പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാനിൽ ഇമ്രാൻഖാന് കനത്ത തിരിച്ചടി ! ഇമ്രാനും മുന്‍ വിദേശകാര്യമന്ത്രിക്കും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് പ്രത്യേക കോടതി ; നടപടി സൈഫര്‍ കേസില്‍

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ അടുത്തമാസം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കനത്ത തിരിച്ചടി. സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പാക് പ്രത്യേക കോടതി പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇന്നലെയാണ് വിധി പ്രസ്താവന നടന്നതെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്ത് വന്നത്. 2022 മാര്‍ച്ചില്‍ അമേരിക്കൻ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ്‌ ശിക്ഷ വിധിച്ചത്‌. ഇക്കാലയളവിൽ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ ഖാൻ.

ഡിസംബര്‍ 13 ന് ഇമ്രാന്‍ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. വിധി പ്രസ്താവനയെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹരീക്-എ- ഇന്‍സാഫ് (പിടിഐ) ഇരുനേതാക്കള്‍ക്കും പിന്തുണയുമായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാന്‍ ഖാന്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. 2022 ഏപ്രിലാണ് അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് തോഷാ ഖാന കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറ്റോക്ക് ജില്ലാ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കേസിൽ ശിക്ഷ നടപടികൾ ഇസ്ലാമാബാദ് ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും സൈഫര്‍ കേസില്‍ അറസ്റ്റു ചെയ്തു.

Related Articles

Latest Articles