Tuesday, November 17, 2026

കോതമംഗലം പ്രതിഷേധക്കേസിൽ ജാമ്യം കിട്ടിയ മുഹമ്മദ് ഷിയാസിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ! കോടതിയിലേക്ക് ഓടിക്കയറി ഡിസിസി പ്രസിഡന്റ്; അരങ്ങേറിയത് നാടകീയ രംഗങ്ങൾ; സ്ഥലത്ത് സംഘർഷാവസ്ഥ !

കൊച്ചി : നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലം നഗരമധ്യത്തിൽ പ്രതിഷേധിച്ച കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പോലീസ് വാഹനം ആക്രമിച്ചെന്ന മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം സംഘർഷത്തിലെത്തി. അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തെ തുടർന്ന് മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. സ്ഥലത്ത് തമ്പടിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകർ പോലീസിനെ തടയാനും ശ്രമിച്ചു. തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

പ്രതിഷേധക്കേസിൽ പ്രതികളായ മറ്റു പതിനാലു പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴൽനാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷകളിൽ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനൽകിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

മൃതദേഹവുമായി പ്രതിഷേധം നടത്തിയ കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേർത്തിരുന്നു. മാത്യു കുഴൽനാടനാണ് ഒന്നാം പ്രതി.

Related Articles

Latest Articles