Monday, November 16, 2026

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അടുത്ത മാസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണം വകമാറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിക്ഷേപത്തുക സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയെന്നതാണ് പ്രേംകുമാറിനെതിരായ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. നിക്ഷേപത്തുക കൈകാര്യം ചെയ്യാൻ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായും സ്ഥാപനത്തിന്റെ ആസ്തികൾ പണയംവെച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പേരിൽ സ്വത്തുക്കൾ സമ്പാദിച്ചതായും ഇ.ഡി ആരോപിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 103 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി താൽക്കാലികമായി മരവിപ്പിച്ചത്. റോൾസ് റോയ്‌സ്, പോർഷെ ഉൾപ്പെടെയുള്ള എട്ട് ആഡംബര കാറുകൾ, കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമൻസിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിലൂടെ സാമ്പത്തിക ഇടപാടുകളുടെയും സ്വത്തുക്കളുടെയും കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബി.എൽ.എം കേസിൽ വരും ദിവസങ്ങളിൽ നിർണായക നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles