ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ 11-ന് അഖ്റാൻ മേഖലയിലെ മിർ ബസാറിന് സമീപം സിആർപിഎഫിന്റെ 46-ാം ബറ്റാലിയൻ ചെക്ക്പോസ്റ്റിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരരെ കണ്ടെത്താൻ മേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.

നവംബർ 11-ന് അഖ്റാൻ മേഖലയിലെ ചെക്ക്പോസ്റ്റിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ സോംവീർ സിങ്, കോൺസ്റ്റബിൾ രാകേഷ് ദാസ്, കോൺസ്റ്റബിൾ സന്തോഷ് ചന്ദ്രു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു. എകെ-47 തോക്കുകൾ ഉപയോഗിച്ച് ഏകദേശം 15 സെക്കൻഡിനുള്ളിൽ 30 റൗണ്ട് വെടിയുതിർത്ത ശേഷമാണ് അക്രമികൾ രക്ഷപ്പെട്ടത്. ലഷ്കർ ഭീകരനായ മുഹമ്മദ് ലത്തീഫ് ഭട്ടിനും വിദേശ ഭീകരർക്കും ആക്രമണത്തിൽ പങ്കുണ്ടെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ സംശയം. ആക്രമണത്തിന് പിന്നാലെ അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്യുകയും ഭീകരരുടെ സഹായശൃംഖല കണ്ടെത്താൻ വ്യാപക പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതോടെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

