ചങ്ങനാശേരി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എൻഎസ്എസ് നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും അത് ലക്ഷ്യംവെയ്ക്കുന്നതാകണം തെരഞ്ഞെടുപ്പ് പ്രക്രിയയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. അവർക്ക് ഇഷ്‌ടമുള്ളവർക്ക് വോട്ട് ചെയ്യാം. രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനാണ് എൻഎസ്എസ് ആഹ്വാനം ചെയ്തത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ആഹ്വാനമൊന്നുമില്ല. മാദ്ധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പുകൾ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം . – സുകുമാരൻ നായർ പറഞ്ഞു.

