Tuesday, November 3, 2026

ആശങ്കയൊഴിയാതെ കേരളത്തിലെ ആരോഗ്യമേഖല ! കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം; ആശുപത്രിയിൽ പോലീസ് എത്തിയിട്ടും കേസ് എടുത്തില്ലെന്ന് പരാതി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദ്ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മർദ്ദിച്ചുവെന്നാണ് പരാതി. പലതവണ മോശമായി സംസാരിച്ചതിന് ശേഷം മുഖത്തടിക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും ഡോക്ടർ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തത് പ്രകോപനത്തിനിടയാക്കിയെന്നും തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ സ്ത്രീ മുഖത്തടിക്കുകയുമായിരുന്നു എന്നുമാണ് വിവരം. സംഭവത്തില്‍ ഡോക്ടര്‍ ജാൻസി ജെയിംസ് ചവറ പോലീസില്‍ പരാതി നല്‍കി. അതെ സമയം രാത്രി ആശുപത്രിയിൽ പോലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിക്കുന്നുണ്ട്.

Related Articles

Latest Articles