Friday, November 6, 2026

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ പ്രധാന പ്രതികളിലൊരാളും ആപ്പിന്റെ പ്രൊമോട്ടറുമായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. കേന്ദ്ര ഏജൻസികളുമായി ഏകോപനം നടത്തിയാണ് സിബിഐയുടെ പ്രത്യേക സംഘം ഒമാനിലെത്തി ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പോലീസ് ചന്ദ്രാകറിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ റായ്പൂരിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കും.

സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ഒരു കേസിലും ചന്ദ്രാകർ പ്രതിയാണ്. രണ്ട് സിബിഐ കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇഡി കേസിൽ പ്രോസിക്യൂഷൻ പരാതിയും നൽകിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ, കാർഡ് ഗെയിമുകൾ തുടങ്ങി വിവിധ മേഖലകളിൽ അനധികൃത വാതുവെപ്പ് നടത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസി മാതൃകയിൽ പാനലുകളും ശാഖകളും പ്രവർത്തിച്ചിരുന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വാതുവെപ്പിലൂടെ ലഭിച്ച പണം നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് ഹവാല ശൃംഖലകൾ വഴി വിദേശത്തേക്ക് കടത്തിയെന്നും, ഇതിന്റെ ഒരു ഭാഗം സർക്കാർ ഉദ്യോഗസ്ഥർക്ക് സംരക്ഷണപ്പണം നൽകാൻ ഉപയോഗിച്ചെന്നുമാണ് സിബിഐയുടെ ആരോപണം.

ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചതോടെ മഹാദേവ് വാതുവെപ്പ് ശൃംഖലയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്. വാതുവെപ്പ് ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളിലേക്കും പണമിടപാടുകളുടെ ഗുണഭോക്താക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് അധികൃതർ.

Related Articles

Latest Articles