ദില്ലി: മരട് ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേരളത്തിന്‍റെ നിലപാടില്‍ ഞെട്ടലുണ്ട്. നിയമസംഘകരെ കേരളം സംരക്ഷിക്കുകയാണ്. മരടില്‍ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും എത്രപേര്‍ പ്രകൃതിദുരന്തങ്ങളില്‍ മരിക്കുന്നുവെന്ന് അറിയാമോയെന്നും ചീഫ് സെക്രട്ടറിയോട് കോടതി ചോദിച്ചു. കേരളത്തിലെ മൊത്തം തീരദേശ ചട്ടലംഘനം പരിശോധിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു.
കേരളത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ഇതേ വരെ വീട് വെച്ചു നല്‍കിയില്ലെന്ന് കോടതി ഇതിന് ചീഫ് സെക്രട്ടറിയെ ശാസിച്ചു. ഇതിന്‍റെ ഉത്തരവാദിത്തം ചീഫ് സെക്രട്ടറി ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ സര്‍ക്കാര്‍ ഇതേവരെ എന്തൊക്കെ ചെയ്തെന്നും കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ചേംബറിലെത്തിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേസ് വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതേസമയം കേസ് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. വിധിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എ സി മൊയ്തീനും വ്യക്തമാക്കി.

