ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കുറച്ച് ദിവസങ്ങള്‍ മുമ്പ് വീണ്ടും ജയ്‌ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാകോട്ടിലും കനത്തതാകുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഏതാണ്ട് 500-ഓളം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ പല അതിര്‍ത്തികളിലായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ഈ വെല്ലുവിളികളെല്ലാം നേരിടാന്‍ തീര്‍ത്തും സജ്ജമാണ് ഇന്ത്യന്‍ സൈന്യമെന്ന് ബിപിന്‍ റാവത്ത് അറിയിച്ചു. ബാലാകോട്ട് പോലൊരു പ്രത്യാക്രമണം ഇന്ത്യ തുടരുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ”എന്തുകൊണ്ട് ബാലാകോട്ട് ആവര്‍ത്തിക്കണം? അതിനുമപ്പുറത്തുള്ള തിരിച്ചടി നല്‍കിക്കൂടേ? അവര്‍ എന്തുണ്ടാകുമെന്ന് ആലോചിച്ചുകൊണ്ടേയിരിക്കട്ടെ”.
കശ്മീരില്‍ തീവ്രവാദികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. താഴ്‌വരയില്‍ ജനജീവിതം സാധാരണ നിലയിലാണ്. പാകിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരില്‍ ഒളിപ്പോര് നടത്തുകയാണ്. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

