തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ അഞ്ച് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വ്യാജ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടിയ സംഭവത്തില്‍ സസ്പെന്‍ഷന്‍ ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി നിലവിൽ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മരിച്ചവരുടെ ഉള്‍പ്പെടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.
പെന്‍ഷന്‍കാരിയായ എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന് കാണിച്ച് ട്രഷറി ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. മകള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലായതിനാൽ 2023 മുതല്‍ പണം എടുക്കാന്‍ പരാതിക്കാരി ട്രഷറിയില്‍ പോയിരുന്നില്ല. നാട്ടിലെത്തി ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി ബാങ്ക് രേഖകള്‍ പരിശോധിക്കുമ്പോഴാണ് ഈ മാസം 3ന് രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും തന്റ അക്കൗണ്ടിൽ നിന്ന് പിന്‍വലിച്ചിരിക്കുന്നതായി പരാതിക്കാരി കണ്ടത്. പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ് ട്രഷറി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ചെക്ക്ബുക്കിന് താന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി വ്യക്തമാക്കി.

