ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, ‘കിഷാവു ബഹുഉദ്ദേശ്യ പദ്ധതി’ (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍ ആറ് സംസ്ഥാനങ്ങള്‍ ഒപ്പുവെച്ചു. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ജല്‍ ശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കരാറൊപ്പിട്ടത്.
ഉത്തരാഖണ്ഡ് – ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലൂടെ ഒഴുകുന്ന, യമുനയുടെ പ്രധാന പോഷകനദിയായ ടണ്‍സ് (Tons River) നദിക്ക് കുറുകെയണ് ഈ കൂറ്റന്‍ പദ്ധതി നിര്‍മ്മിക്കുന്നത്. 232.6 മീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ദില്ലിക്ക് ഈ കരാര്‍ വന്‍ ആശ്വാസമാകും. പദ്ധതിയിലൂടെ ചിട്ടയായ രീതിയില്‍ ജലലഭ്യത ഉറപ്പാക്കാന്‍ സാധിക്കുന്നതോടെ ദില്ലിക്കായിരിക്കും ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കുക. ഹിമാചല്‍ പ്രദേശിന് ലഭിക്കുന്ന വിഹിതത്തില്‍ നിന്നുള്ള വെള്ളം ദില്ലിക്കും രാജസ്ഥാനും ലഭ്യമാക്കാന്‍ കരാറില്‍ ധാരണയായിട്ടുണ്ട്. കേവലം കുടിവെള്ളവും ജലസേചനവും മാത്രമല്ല, മലിനീകരണത്താല്‍ ശ്വാസം മുട്ടുന്ന യമുനാ നദിക്ക് ജീവന്‍ നല്‍കാനും ഈ പദ്ധതിക്ക് കഴിയും. അണക്കെട്ടിലൂടെ നദിയിലേക്ക് തുടര്‍ച്ചയായി വെള്ളമൊഴുക്കാന്‍ സാധിക്കുന്നത് യമുനയിലെ മലിനീകരണ തോത് കുറയ്ക്കാനും നദിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്താനും സഹായിക്കും.
1994-ലെ അപ്പര്‍ യമുനാ ബേസിന്‍ കരാറിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഈ പദ്ധതി പിന്നീട് ഒരു ‘ദേശീയ പദ്ധതി’ ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു. പദ്ധതിയുടെ ജലസംഭരണ വശങ്ങള്‍ക്കുള്ള ചെലവിന്റെ 90% കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ബാക്കി 10% ആറ് പങ്കാളിത്ത സംസ്ഥാനങ്ങള്‍ ചേര്‍ന്ന് പങ്കിടും. ഹിമാചല്‍ പ്രദേശിന്റെ പവര്‍ കോമ്പോണന്റിന്റെ ചെലവ് മറ്റ് പങ്കാളിത്ത സംസ്ഥാനങ്ങള്‍ സംയുക്തമായി വഹിക്കും. വെള്ളത്തിന്റെ വിഹിതം, സാമ്പത്തിക ബാധ്യതകള്‍, സംസ്ഥാനങ്ങളുടെ വേറിട്ട താല്‍പ്പര്യങ്ങള്‍ എന്നിവ കാരണം പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പദ്ധതിയാണിത്. എന്നാല്‍ സമീപകാലത്ത് ഇതേ നദീതടത്തിലെ ലഖ്വാര്‍ (Lakhwar), രേണുകാജി (Renukaji) പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയത് കിഷാവു പദ്ധതിയുടെ ചര്‍ച്ചകള്‍ക്കും വേഗം കൂട്ടി.
കോടതി വ്യവഹാരങ്ങളിലേക്കോ നീണ്ട തര്‍ക്കങ്ങളിലേക്കോ പോകാതെ, ചര്‍ച്ചകളിലൂടെയും സഹകരണ ഫെഡറലിസത്തിലൂടെയും സംസ്ഥാനങ്ങള്‍ക്കിടയിലെ ജലതര്‍ക്കം പരിഹരിക്കാന്‍ സാധിച്ചു എന്നത് ഇന്ത്യന്‍ ഭരണസംവിധാനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഉത്തരേന്ത്യയിലെ ജലസേചന മേഖലയിലും ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും യമുനയുടെ ശുദ്ധീകരണത്തിലും വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കിഷാവു പദ്ധതിക്കാകും.

