കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണെന്നും പുതുവിപ്ലവം സൃഷ്ടിക്കാമെന്നുമാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.
‘പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം, നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതു വിപ്ലവം സൃഷ്ടിക്കാം,’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍. നടിയെ ആക്രമിച്ച കേസിലെ അമ്മയുടെ നിസംഗതക്ക് പിന്നാലെയാണ് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ ഡബ്ല്യുസിസി എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്.
ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2019 ല്‍ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. സിനിമയില്‍ തൊഴില്‍ ചൂഷണവും വിലക്കും നിലനില്‍ക്കുന്നുണ്ട് എന്നും സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അടക്കമുള്ള കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത്.

