കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, ഗ്രിഡ്-സ്കെയിൽ ഊർജ്ജ സംഭരണ സംവിധാനങ്ങൾക്കായി (Grid-Scale Energy Storage Systems) 14,500 കോടി രൂപയുടെ ‘വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്’ (VGF) പദ്ധതിക്ക് അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള കാലയളവിൽ 92 ജിഗാവാട്ട് അവർ (GWh) സംഭരണ ശേഷി ലക്ഷ്യമിടുന്ന ഈ പദ്ധതി, രാജ്യമെമ്പാടും 24 മണിക്കൂറും തടസ്സമില്ലാതെ ശുദ്ധമായ വൈദ്യുതി ലഭ്യമാക്കാനുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.
രാജ്യത്ത് പുനരുപയോഗ ഊർജ്ജത്തിന്റെ തടസ്സമില്ലാത്ത വിതരണത്തിന് ഈ സുപ്രധാന തീരുമാനം വലിയ ഊർജ്ജം പകരും. 60 GWh പമ്പ്ഡ് ഹൈഡ്രോ പ്രൊജക്ടുകളും 30 GWh ബാറ്ററി അധിഷ്ഠിത സംഭരണ സംവിധാനങ്ങളും മറ്റ് ആധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുന്നതാണ് പദ്ധതി. ‘ആത്മനിർഭർ ഭാരതം’ ആശയത്തിന് കൂടുതൽ കരുത്തേകിക്കൊണ്ട് ബാറ്ററി നിർമ്മാണ പദ്ധതികളിൽ കുറഞ്ഞത് 40 ശതമാനം ആഭ്യന്തര ഉൽപ്പാദനം നിർബന്ധമാക്കിയിട്ടുമുണ്ട്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ആഭ്യന്തര വ്യവസായങ്ങൾക്ക് വൻ നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനും ഇതിലൂടെ സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിന് കീഴിൽ ‘വിക്സിത് ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുന്ന ഭാരതം, ഹരിത ഊർജ്ജ രംഗത്ത് ലോകത്തിന് തന്നെ വലിയ മാതൃകയാവുകയാണ്. വികസനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ഈ ചരിത്രപരമായ മുന്നേറ്റത്തെ ദേശസ്നേഹികൾ ഏറെ ആവേശത്തോടെയാണ് വീക്ഷിക്കുന്നത്.

